Articles From Warmmaj With Love Details

കടലാസില്ലാത്ത ലോകം

calender 25-05-2022

ദൈവം മനുഷ്യന് സമ്മാനം നല്‍കുന്ന ദിവസമായിരുന്നു. ചക്രവര്‍ത്തിമാരും ലോകം കീഴടക്കിയ യോദ്ധാക്കളും രാജ്യതന്ത്രജ്ഞരും കോടീശ്വരരും നിരനിരയായി വന്നു. കീരീടവും പ്രശസ്തിപത്രവും പൊന്നാടയും പേരുകൊത്തിയ മാര്‍ബിള്‍ഫലകവും അവര്‍ക്കു വേണ്ടി കാത്തിരുന്നു. അപ്പോഴാണ് കണ്ടത് ഒരു സാധാരണക്കാരന്‍ കക്ഷത്തില്‍ ഒരു പുസ്തകവുമായി അറിവിന്റെ തിളക്കമുള്ള പുഞ്ചിരിയുമായി ശാന്തനായി മെല്ലെ നടന്നു വരുന്നു. ദൈവം അല്പം അസൂയയോടെ തന്നെ പറഞ്ഞു. നീയെന്തിനാണ് ഇവിടെ വരുന്നത്? നിനക്കെന്തിനാ വേറൊരു സമ്മാനം? എന്റെ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം നീ സ്വന്തമാക്കിക്കഴിഞ്ഞല്ലോ. ക്യൂവില്‍ നിന്നവര്‍ അദ്ഭുതത്തോടെ ആഗതനെ നോക്കി. ദൈവം വിശദീകരിച്ചു. ഞാനിവന് വായിക്കാനുള്ള കഴിവ് കൊടുത്തിരുന്നു. അവന്‍ അത് പൂര്‍ണ്ണമായി ഉപയോഗിച്ചു. നിങ്ങള്‍ നൂറു ജന്മം കൊണ്ടു നേടുന്ന സുഖവും സന്തോഷവും ഇവന്‍ ഈ ജന്മത്തില്‍ത്തന്നെ നേടിക്കഴിഞ്ഞു.

ഇത് ഒരു കഥയാണ് എന്നത് പ്രത്യേകം പറയേണ്ടല്ലോ. പക്ഷെ ഇതില്‍ ഒരു മഹത്തായ സത്യമുണ്ട്. സംസാരഭാഷയ്ക്ക് എഴുതാവുന്ന ലിപികള്‍ സ്വകാര്യത സമ്മാനിച്ചു. അങ്ങിനെ വായനയിലൂടെ അറിവു നേടിയവരെയെല്ലാം സംവേദനത്തിന്റെ നൂതനവും ആകര്‍ഷകവുമായ ലോകത്തിലെത്തി. അറിവിന് നേരിട്ട് ബന്ധപ്പെടേണ്ട ഗുരുവിന്റെ ആവശ്യമില്ലാതായി. ഈ വിപ്‌ളവം വരെ മാനവസമൂഹത്തിന്റെ പുരോഗതി മന്ദഭാവത്തിലായിരുന്നു.അച്ചടി വന്നപ്പോള്‍ വിപ്ലവത്തിന് വേഗത കൂടി. വായന സമൂഹത്തിനെ നയിച്ചിരുന്നവരുടെ ആയുധമായി ഉപയോഗിക്കപ്പെടുക മാത്രമായിരുന്നു അതുവരെ പ്രധാനമായും ചെയ്തിരുന്നത്. അച്ചടിയന്ത്രം കണ്ടുപിടിച്ച് പ്രാവര്‍ത്തികമായ പതിനഞ്ചാം നൂറ്റാണ്ടില്‍ ലോകത്താകെ ഒരു ലക്ഷത്തില്‍ താഴെ പുസ്തകങ്ങളേ ഉണ്ടായിരുന്നുള്ളു. അവയില്‍ ഭൂരിഭാഗവും ബൈബിളുമായിരുന്നത്രെ. അവ വായിക്കാവുന്നവരുടെ എണ്ണമാകട്ടെ ആയിരത്തിലൊന്നുപോലുമുണ്ടായിരുന്നില്ല.വായന ശരിക്കും ജനകീയമായത് ഇരുപതാം നൂറ്റാണ്ടിലാണ്. സാക്ഷരത മിക്ക രാഷ്ട്രങ്ങളും തങ്ങളുടെ പൗരന്മാരുടെ മൗലികാവകാശത്തില്‍ ഉള്‍പ്പെടുത്തി. ജനത്തിന് സാക്ഷരത മെച്ചപ്പെട്ട സാമ്പത്തികനിലയുടെ സ്രോതസ്സായി അംഗീകരിക്കാതെ നിവര്‍ത്തിയില്ലാതായി. അച്ചടി സാങ്കേതികവിദ്യ ചിലവു കുറഞ്ഞതായി. വിജ്ഞാനത്തിനും വിനോദത്തിനും വാര്‍ത്തകള്‍ അറിയാനും വായന അനിവാര്യമായി. അച്ചടിച്ച കടലാസിലെ അക്ഷരങ്ങള്‍ റോട്ടീ, കപ്ഡാ, മകാനു ശേഷം മനുഷ്യന്റെ പ്രധാന ആവശ്യമായി മാറി. പക്ഷെ ഇതേ സമയം ശാസ്ത്രത്തിന്റെ നവം നവ കണ്ടുപിടുത്തങ്ങള്‍ അച്ചടിക്കാനുള്ള മാറ്റര്‍ രൂപപ്പെടുത്തുന്നവനും വായനക്കാരനും തമ്മില്‍ പണ്ടു മുതലുണ്ടായിരുന്ന പല അകല്‍ച്ചകളും ഇല്ലാതാക്കി. അച്ചടിയും കടലാസും സാക്ഷരതയും ഏറ്റവും ദരിദ്രനു പോലും കൈകാര്യം ചെയ്യാന്‍ പാകമായി. സ്വാഭാവികമായും കൂടുതല്‍ വായനക്കാര്‍ എന്ന ലക്ഷ്യം അച്ചടി മാറ്ററിന്റെ ഭാഗമായി.ഇന്ന് ടെക്‌നോളജിയുടെ ആക്രമണം തങ്ങളുടെ അസ്തിത്വത്തെപ്പോലും ബാധിക്കുന്ന രീതിയില്‍ അച്ചടി മാദ്ധ്യമത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കടലാസും അച്ചടിമഷിയും ഇല്ലാതായാലും സാരമില്ല. വായന നിലനില്‍ക്കും. ഇ-വായന അതിന്റെ തുടക്കമാണ്. .പത്തിരുപതു കൊല്ലം കഴിയുമ്പോള്‍ കടലാസ് ആവശ്യമില്ലാതാകും, പരിസ്ഥിതി സംരക്ഷണസമിതിക്കാര്‍ക്ക് കടലാസിനുവേണ്ടി കാട്ടിലെ മരമെല്ലാം വെട്ടുന്നതിരെ സമരം ചെയ്യേണ്ടി വരില്ല എന്നു തമാശ പറഞ്ഞ സുഹൃത്തിനെ ഞാന്‍ സമാധാനിപ്പിച്ചു. അതു സംഭവിക്കില്ല. എന്തെന്നാല്‍ അന്നേയ്ക്ക് അമേരിക്കന്‍ ടോയ്‌ലറ്റുശൈലിയും കൈകഴുകല്‍ ശൈലിയും ബര്‍ജറും കോളയും പോലെ ലോകം മുഴുവന്‍ സ്വായത്തമാക്കും. ജലം പ്രകൃതിയുടെ അമൂല്യമായ സമ്പത്താണ്. അതിനെ ശരീരം വൃത്തിയാക്കാന്‍ ഉപയോഗിച്ച് നഷ്ടപ്പെടുത്തുന്ന പ്രാകൃതരീതി മാറ്റൂ. പകരം കടലാസ് ഉപയോഗിക്കൂ എന്ന് പരസ്യക്കമ്പനികള്‍ സിനിമാ നടന്മാരെയും ക്രിക്കറ്റു കളിക്കാരെയും ബ്രാന്‍ഡ് അംബാസിഡര്‍മാരാക്കി കടലാസ് ബിസിനസിന് കോട്ടം വരാതെ നോക്കിക്കൊള്ളും.എന്നാല്‍ കടലാസു പുസ്തകവും പത്രവും ഇല്ലാതാകാനാണിട. വര്‍ത്തമാനപ്പത്രവും മാസികകളും പുസ്തകങ്ങളും താളിയോല ഗ്രന്ഥക്കെട്ടുകള്‍ പോലെ പുരാവസ്തുവാകും.ഇന്ന് ഡെസ്‌ക്ക് ടോപ്പിലും ടാബ്ലറ്റിലും സെല്‍ ഫോണിലും കടലാസില്ലാത്ത, അച്ചടി വേണ്ടാത്ത വായനാനുഭവം ലഭ്യമാണ്.പതിനായിരം പുസ്തകങ്ങളുടെ കെട്ട് ഒരു കൈപ്പത്തിയുടെ വലിപ്പം പോലും ഇല്ലാത്ത പോക്കറ്റ് ഡയറിയില്‍.ഏതു പത്രവും മാസികയും ആര്‍ക്കൈവില്‍ നിന്ന് എപ്പോഴും ഡൗണ്‍ ലോഡ് ചെയ്ത് വായിക്കാം.ഞാന്‍ 1995 മുതല്‍ കമ്പ്യൂട്ടര്‍ സംവിധാനം ഉപയോഗിച്ച് മാത്രം എഴുതുന്നവനാണ്. മലയാളവും ഇംഗ്ലീഷും ഹിന്ദിയും അക്കാലത്ത് ഒരേ കീബോര്‍ഡില്‍ ലേശം പരിചയം വന്നാല്‍ അനായാസമായി കൈകാര്യം ചെയ്യാവുന്ന ഐലീപ്പ് ആണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോഴും ഉപയോഗിക്കുന്നത്. എഴുത്തിനെ സംബന്ധിച്ചിടത്തോളം എനിക്കത് പേന കൊണ്ട് കടലാസില്‍ എഴുതുന്നതിനെക്കാളും മെച്ചമായി ചെയ്യാന്‍ സാധിക്കുന്നുണ്ട്. തെറ്റു തിരുത്താനും കൈയക്ഷരത്തിന്റെ വികടത ഇല്ലാതാക്കാനും എഴുത്ത് പ്രക്രിയയുടെ സമയം ലാഭിക്കാനും ചിലവു കുറയ്ക്കാനും ഇത് സഹായകമായി. വ്യക്തിപരമായി  എനിക്ക് കുനിഞ്ഞിരുന്ന് പണി ചെയ്യുമ്പോള്‍ ഉണ്ടാകാന്‍ തുടങ്ങിയ, മിക്ക എഴുത്തുകാരുടെയും വേതാളമായ, ക്ലര്‍ക്ക് ഡിസീസ് എന്ന് സായിപ്പ് സ്‌നേഹപൂര്‍വം പേരിട്ട സ്‌പോണ്‍ടിലൈറ്റിസ് രോഗത്തില്‍നിന്നും മരുന്നുംചികിത്സയുമില്ലാതെ മോചിതനാകാനും കഴിഞ്ഞു.പിന്നെ എന്റെ അടുത്തേക്ക് ഇന്റര്‍നെറ്റ് വന്നു. ഇ-മെയില്‍ വന്നു. ഓണ്‍ലൈന്‍ പത്രങ്ങള്‍ വന്നു. മാസികകള്‍ വന്നു. പിന്നാലെ ഇ-പുസ്തകങ്ങള്‍ വന്നു.എനിക്ക് പത്രം വായിക്കാന്‍ ഇപ്പോള്‍ വളരെ എളുപ്പമാണ്. ഞാന്‍ രാവിലെ മൂന്നു മണിക്ക് ഉണരും. മുപ്പതു കൊല്ലമായുള്ള പതിവാണ്. അഞ്ചരമണി വരെ നോവലോ കഥയോ ലേഖനമോ വര്‍ക്ക് ചെയ്യും. അഞ്ചര മുതല്‍ ആറേകാല്‍ വരെയുള്ള മുക്കാല്‍ മണിക്കൂറില്‍ ഞാന്‍ ഒമ്പതു മലയാളം പത്രവും ഞാന്‍ സ്വയം സൃഷ്ടിച്ച സംവിധാനത്തിലൂടെ ഇന്ത്യയിലെയും വിദേശത്തെയും മുപ്പതോളം പത്രങ്ങളും വാര്‍ത്താഏജന്‍സി അറിയിപ്പുകളും എനിക്കിഷ്ടപ്പെട്ട മേഖലകളിലേത് അരിച്ചെടുത്തു ഒറ്റ വരികളില്‍ നല്‍കുന്നത് വായിക്കും. കൂടുതല്‍ വായിക്കണമെന്ന് തോന്നുന്നതു മാത്രം മുഴുവനാക്കി നോക്കും.ഞാന്‍ കടലാസുപയോഗിക്കുന്നത് ഏഴു കൊല്ലമായി നിര്‍ത്തി. പ്രിന്റൗട്ട് വേണ്ട. നേരെ ഇ-മെയില്‍ വഴി മാറ്റര്‍ എവിടെയുമെത്തിക്കാം.എറണാകുളം പബ്‌ളിക്ക് ലൈബ്രറിയില്‍ എന്‍സൈക്ലോപീഡിയാ തേടി പോകുന്നത് നിര്‍ത്തി. എന്റെ പെഴ്‌സണല്‍ ലൈബ്രറിയിലെ ആറായിരത്തോളം പുസ്തകങ്ങളില്‍ അപൂര്‍വം ചിലതൊഴികെ എല്ലാം ഇന്ന് എനിക്കു അന്യമാണ്. എന്റെ ഐ പാഡ് എന്റെ അവയവമാണ്. ഒപ്പം കൊണ്ടുനടക്കാന്‍ സൗകര്യം, വായിക്കാന്‍ എളുപ്പം, തത്സമയ വാര്‍ത്തകളും ഡിക്ഷണറിയും തെസ്സാറസ്സും വിജ്ഞാനകോശവും. വായിക്കാന്‍ സുഖം. അക്ഷരം വലുതാക്കാം. ഭൂതക്കണ്ണാടി വേണ്ട. ബാറ്ററി ഡൗണ്‍ ആകാതെ ചാര്‍ജു ചെയ്യാനുള്ള പ്ലഗ് മാത്രം ഇടയ്ക്ക് തേടിയാല്‍ മതി.പക്ഷെ ഒരു കുഴപ്പം. എന്റെ വായനയുടെ രീതി ആയിരിക്കണം കാരണം. കുട്ടിക്കാലം മുതലുള്ള സ്വഭാവം. ചോറും കൂട്ടാനും വിരലമര്‍ത്തി കുഴച്ചു ഉണ്ടാലേ എനിക്ക് തൃപ്തിയാകൂ. സ്പൂണും ഫോര്‍ക്കും ഉപയോഗിച്ചാലും വയറു നിറയും. എന്റെ ഭക്ഷണത്തിന്റെ ലക്ഷ്യം നേടാം. പക്ഷെ ഒരു സംതൃപ്തിയില്ല. സുഖമായി ഉണ്ടു എന്ന തോന്നലില്ല. എനിക്ക് ഒരു പുസ്തകം വായിക്കണം. കടലാസിന്റെ മണം. പേജ് മറിക്കുമ്പോഴുണ്ടാകുന്ന ഞൊടിയിടയുടെ മൗനം, ഈസി ചെയറിലെ വിശ്രമത്തിന് വായന നല്‍കുന്ന ഓജസ്സ്, ഇവയൊക്കെയാണ് വായനയെ എന്റെ കര്‍മ്മമെന്നതില്‍ നിന്നും വിനോദം എന്ന നിലയില്‍ എനിക്ക് സന്തോഷം തരുന്ന പ്രവര്‍ത്തിയായി മാറ്റുന്നത്. അപ്പോള്‍ എനിക്ക് ടാബും, ഐ പാഡും പോരാ, അച്ചടിച്ച പുസ്തകം തന്നെ വേണം.എനിക്ക് ഉറങ്ങാന്‍ കിടക്കുമ്പോള്‍ അടുത്തൊരു പുസ്തകം വേണം. എവിടം വരെ വായിച്ചു എന്ന് അറിയാന്‍ പേജിന്റെ മൂല മടക്കണം. അത് മടക്കാന്‍ മറക്കണം. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ അക്ഷരങ്ങളെക്കാള്‍ എന്റെ പ്രിയപ്പെട്ട സ്‌നേഹിതന്‍ ഈ പുസ്തകത്തിലെ അക്ഷരങ്ങളാണ്. ബാല്യകാലസഖി.പരമ്പരാഗത പുസ്തകം വാങ്ങുന്നവരില്‍ ബഹുഭൂരിപക്ഷവും മദ്ധ്യവയസ്സു കഴിഞ്ഞവരാണ് എന്നാണ് കണക്കുകള്‍ കാട്ടുന്നത്. അവരെല്ലാം എന്നെപ്പോലെ പുസ്തകത്താളിന്റെ ഗൃഹാതുരത്വത്തില്‍ രമിക്കുന്നവരാണ്. അവരുടെ എണ്ണം സ്വാഭാവികമായും കുറഞ്ഞു വരും.പുസ്തകത്തിന്റെ പേജ് മറിക്കുന്ന പ്രതീതി ഉണ്ടാക്കാനും ആകര്‍ഷകമായ കവര്‍ കാട്ടാനും ബുക്ക് കേസിന്റെ രൂപത്തില്‍ ലൈബ്രറി ഡൗണ്‍ ലോഡ് ചെയ്യാനും മറ്റും മറ്റും പല വിദ്യകളും പ്രസാധകര്‍ കൊണ്ടു വരുന്നുണ്ട്. ആമസോണ്‍ ഇവരില്‍ മുഖ്യനാണ്. പക്ഷെ വായനക്കാരനെ അവര്‍ക്ക് ആകര്‍ഷിക്കാന്‍ പ്രതീക്ഷിച്ച വിധം പറ്റുന്നില്ല.

കഥയും കവിതയും ചുറ്റുപാടുമുള്ള വിവരവും എല്ലാം കേള്‍ക്കാനും കാണാനുമുള്ള ആഗ്രഹം വൈകാരികമാണ്. അതിന് ഒരു സഹായം മാത്രമാണ് ടെക്‌നോളജി നല്‍കുന്നത്. കടലാസും അച്ചടിയും കഴിഞ്ഞ അഞ്ചു നൂറ്റാണ്ടായി ഭരിച്ച ഈ വേദിയെ ഇ-വായന ഉലയ്ക്കാന്‍ തുടങ്ങിക്കഴിഞ്ഞു.ഇത് ഒരു താത്ക്കാലിക പ്രതിഭാസം മാത്രമാണ്. പക്ഷെ ഈ പ്രതിഭാസമില്ലാതെ അടുത്ത പടവിലേക്ക് മാനവസമൂഹത്തിന് കയറാന്‍ പറ്റില്ല.ഗ്രാമഫോണ്‍ എന്ന ഇടത്താവളം ഇല്ലാതെ ഇന്നത്തെ ഡൗണ്‍ലോഡിംഗ് ഡിജിറ്റല്‍ സംഗീത മാസ്മരികത ഉണ്ടാകുമായിരുന്നില്ല. അതില്‍ ഇടയ്ക്കു കയറി വന്ന കാസറ്റ് ടേപ്പുകള്‍ക്കു സമമാണ് ഇ-ബുക്കുകളും പത്രങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകളും. അവയെ നമുക്ക് സ്‌നേഹത്തോടെ തലോടാം. വായിക്കാം.

 

കെ. എല്‍. മോഹനവര്‍മ്മ

 

Share